ഒരു രൂപയ്ക്ക് ഷൂ, ഓഫര്‍ കണ്ട് വന്നവരെ കൊണ്ട് റോഡ് നിറഞ്ഞു, കടപൂട്ടി പോലീസ്
കണ്ണൂർ: ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പില്‍ എത്തുന്ന 75 പേർക്ക് കിടിലൻ ഷൂ. കണ്ണൂർ നഗരത്തിലെ ഒരു കടയുടെ ഓഫർ ആയിരുന്നു ഇത്.സാമൂഹികമാധ്യമങ്ങളിലെ റീല്‍സ് കണ്ട് ഷൂ വാങ്ങാൻ ഞായറാഴ്ച എത്തിയത് ആയിരത്തിലധികം പേർ. ആദ്യ 75-ല്‍ ഉള്‍പ്പെടാൻ പുലർച്ചെ സ്ത്രീകള്‍ അടക്കം എത്തിയപ്പോള്‍ പരിസരത്താകെ ജനസമുദ്രം. ടൗണ്‍ പോലീസ് ഇടപെട്ടതിനെ തുടർന്ന് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. കട തത്കാലം അടപ്പിച്ചു. തുടർന്ന് ആളുകള്‍ പിരിഞ്ഞുപോയി.
സാമൂഹികമാധ്യമങ്ങളിലെ പരസ്യം പോലീസിനെ ഉള്‍പ്പെടെ ഞായറാഴ്ച മണിക്കൂറുകളോളം അങ്കലാപ്പിലാക്കി. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 75 പേർക്കുള്ള കിടിലൻ ഓഫറിന്റെ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു. മറ്റു ഓഫറുകളും കടയില്‍ കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഒരു രൂപ നോട്ട് തപ്പിയെടുത്ത് ജില്ലയില്‍നിന്നും പുറത്തും ഉള്ളവർ അതിരാവിലെ എത്തി. 11 മണിയോടെ ആ പ്രദേശമാകെ ആളുകളെ കൊണ്ട് നിറഞ്ഞു. ഓഫറിന് വേണ്ടി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നപ്പോള്‍ പോലീസ് ഇടപെട്ടു. കടപൂട്ടാൻ ഉടമകളോട് പറഞ്ഞു. ഓഫർ ലഭിക്കാത്ത നിരാശയില്‍ ആളുകള്‍ പിരിഞ്ഞുപോയി.
No comments