തിരുവനന്തപുരത്ത് മീൻ പിടിക്കാൻ പോയ ആൾക്കു നേരെ കാട്ടാനയുടെ ആക്രമണം, ഗുരുതര പരുക്ക്
തിരുവനന്തപുരം വിതുര തലത്തുത്തക്കാവിൽ മീൻ പിടിക്കാൻ പോയ ആൾക്കു നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ശിവാനന്ദൻ കാണി (46) യെ വിതുര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലത്തുത്തക്കാവ് പാലത്തിനു സമീപമാണ് അപകടം നടന്നത്.
പുലർച്ചെ 4 മണിയോടെ ഇയാൾ മീൻ പിടിക്കാനായി സമീപത്തെ ആറ്റിൽ ചൂണ്ട ഇട്ട് കൊണ്ടിരുന്നപ്പോഴാണ് പുറകിൽ നിന്നും കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി ശിവാനന്ദനു പുറകിലെത്തിയ കാട്ടാന ഇയാളെ ചുഴറ്റി റബർ തോട്ടത്തിലേക്ക് എറിയുകയായിരുന്നു എന്നാണ് വിവരം. രാവിലെ 6 മണിയോടെ പിന്നീട് ഇവിടെയെത്തിയ ടാപ്പിങ് തൊഴിലാളികളാണ് ശിവാനന്ദൻ കാണിയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ആക്രമണത്തിൽ ഇദ്ദേഹത്തിൻ്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. കാട്ടാന ആക്രമണത്തെ തുടർന്ന് ഇദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിട്ടുണ്ട്. ഗുരുതര പരുക്കേറ്റ ശിവാനന്ദനെ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ഉടൻ തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റും എന്നാണ് ലഭിക്കുന്ന വിവരം.
No comments