സെയ്ഫ് അലി ഖാന് കുത്തേറ്റപ്പോള്‍ നശിച്ചത് എന്റെ ജീവിതമാണ്, എനിക്ക് നീതി വേണം; ആവശ്യവുമായി യുവാവ്
ജനുവരി 16 ന് സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതിയെന്ന് സംശയിച്ച് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ കസ്റ്റഡിയിലെടുത്ത യുവാവാണ് തന്റെ ജീവിതം പൂര്‍ണമായും താറുമാറായതായി പരാതിപ്പെടുന്നത്. വിവാഹം നിശ്ചയം കഴിഞ്ഞിരുന്ന യുവാവിന്റെ പ്രതിശ്രുത വധുവും കുടുംബവുമാണ് ഏറ്റവും കൂടുതല്‍ അപമാനം നേരിടുന്നതെന്നും യുവാവ് പറഞ്ഞു.
മുംബൈ ലോക്മാന്യ തിലക് ടെര്‍മിനസ്-കൊല്‍ക്കത്ത ഷാലിമാര്‍ ജ്ഞാനേശ്വരി എക്സ്പ്രസില്‍ നിന്ന് ഡ്രൈവറായ ആകാശ് കനോജിയയെ (31) ജനുവരി 18 നാണ് മുംബൈ പോലീസിന്റെ രഹസ്യ വിവരത്തെത്തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ദുര്‍ഗ് സ്റ്റേഷനില്‍ തടഞ്ഞു വച്ചത്.
തുടര്‍ന്ന് തൊട്ടടുത്ത ദിവസമാണ് ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് രോഹില്ല അമിന്‍ ഫക്കീര്‍ എന്ന വിജയ് ദാസിനെ താനെയില്‍ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനുശേഷമാണ് ദുര്‍ഗ് ആര്‍പിഎഫ് കനോജിയയെ നിബന്ധനയോടെ വിട്ടയച്ചത്.
മാധ്യമങ്ങളില്‍ തന്റെ ചിത്രങ്ങള്‍ അടക്കം കേസിലെ പ്രധാന പ്രതിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ വീട്ടിലും നാട്ടിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും ആകാശ് പരിതപിച്ചു.
മുംബൈ പോലീസ് നിരപരാധിയായ എന്റെ ജീവിതമാണ് നശിപ്പിച്ചത്. സിസിടിവിയിലുള്ള രൂപവുമായി സാദൃശ്യമുണ്ടെന്ന സംശയത്തിന്റെ പേരിലായിരുന്നു അറസ്റ്റ്, ആകാശ് പറയുന്നു.
കസ്റ്റഡിയില്‍ നിന്നും വിട്ട യുവാവിനെ തിരിച്ചെടുക്കാന്‍ തൊഴിലുടമയും തയ്യാറായില്ല. വിശദീകരണം കേള്‍ക്കാന്‍ പോലും വിസമ്മതിച്ചെന്നാണ് ആകാശ് വിഷമം പങ്ക് വയ്ക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത കാരണം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം പിന്‍വലിഞ്ഞതോടെ വിവാഹവും മുടങ്ങി.
ജനുവരി 16 ന് പുലര്‍ച്ചെ മുംബൈയിലെ ബാന്ദ്ര ഏരിയയിലെ സത്ഗുരു ശരണിലെ തന്റെ 12-ാം നിലയിലെ വസതിയില്‍ നുഴഞ്ഞു കയറിയ മോഷ്ടാവ് പ്രതിരോധത്തിനിടയില്‍ നടന്‍ സെയ്ഫ് അലി ഖാനെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ആരോഗ്യം വീണ്ടെടുത്ത് ആറാം ദിവസം ഡിസ്ചാര്‍ജ് ചെയ്യുകയുമായിരുന്നു
No comments