കായിക താരങ്ങൾക്ക് അച്ചടക്കം പ്രധാനമാണ്; കുട്ടികളുടെ ഭാവി പരിഗണിച്ച് വിലക്കിനെക്കുറിച്ച് പുനരാലോചിക്കും: മന്ത്രി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തിൽ കുട്ടികളുടെ ഭാവി കണക്കിലെടുത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻ കുട്ടി. എല്ലാ വേദികളിലും ധാരാളം കാണികൾ ഉണ്ടായിരുന്നു. പരാതിയും പരിഭവവും ഇല്ലാതെ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് മേള നടത്തുന്നത്. രണ്ട് അധ്യാപകർ വേദിയിൽ വന്ന് പരാതി പറഞ്ഞിരുന്നു.
പരാതി പരിശോധിക്കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് വക വയ്ക്കാതെ പരിപാടി അലങ്കോലപ്പെടുത്തുകയാണ് ചെയ്തത്. മന്ത്രി അബ്ദുറഹിമാൻ ഇടപെട്ടിട്ടും അവർ പിന്മാറിയില്ല. കായിക താരങ്ങൾക്ക് അച്ചടക്കം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. വേദനിപ്പിച്ചത് ഭിന്നശേഷിക്കുട്ടികളുടെ പരിപാടി അലങ്കോലപ്പെടുത്തിയപ്പോഴാണ്.
അധ്യാപകരുടെ സഹായത്തോടെയാണ് ചെയ്തത്. സർക്കാർ ഒരു അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു. നടന്ന കാര്യങ്ങൾ ഇനി ആവർത്തിക്കപ്പെടാൻ പാടില്ല. എല്ലാവരും ഒത്തൊരുമയോടെ നിന്നാൽ മാത്രമെ ഏത് പരിപാടിയും വിജയിക്കുകയുള്ളൂ. നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം എന്ന് സ്കൂളിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളടെ ഭാവിക്ക് ഒരു പ്രശ്നവും ഇല്ലാത്ത രീതിയിൽ നടപടി സ്വീകരിക്കും. ഭാവി പരിഗണിച്ച് നടപടിയെക്കുറിച്ച് പുനരാലോചിക്കുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കും. കുട്ടികളുടെ ഭാവി മാനിക്കാതെ ഇരിക്കാൻ കഴിയില്ല.കുട്ടികളുടെ ഭാവി കണക്കിലെടുത്ത് ഉചിതമായ നടപടി സ്വീകരിക്കും.
അതേ സമയം, സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഉണ്ടായ അനഭിലഷണീയമായ പ്രവണത തിരുത്തപ്പെടേണ്ടത് തന്നെയാണ്. മത്സരങ്ങൾക്കിടയിൽ കുട്ടികളെ പ്രതിഷേധത്തിലേക്ക് നയിക്കുന്ന ബാഹ്യ ശക്തികളെ തുറന്ന് കാട്ടി നടപടികൾ കൈക്കൊള്ളണം. എന്നാൽ പ്രതിഷേധിച്ച കുട്ടികളുടെ ഭാവി ആകെ ഇല്ലാതാക്കുന്ന വിധം അവസരം നിഷേധിക്കുന്നത് അനീതിയാകും. കുട്ടികളുടെ ഭാവി മുന്നിൽ കണ്ട് വിലക്കിയ തീരുമാനം പിൻവലിക്കണമെന്ന് ഡിവൈഎഫ് എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
No comments