സംസ്ഥാനത്ത് സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്നോണിനെ തള്ളി സംഘടനകൾ
തിരുവനന്തപുരം: കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍റെയും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്‍റ് കൗണ്‍സിലിന്‍റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം. സമരത്തിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണിനെ സംഘടനാ നേതാക്കൾ തള്ളി.
അതേസമയം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐയുടെ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ സർവീസ് സംഘടനകൾ നടത്തുന്ന സമരം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. നെല്ല് സംഭരണ പ്രതിസന്ധി, സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങൾ എന്നിവ ശ്രദ്ധ ക്ഷണിക്കൽ ആയി സഭയിൽ വരുന്നുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്നും നടക്കുന്നുണ്ട്. നാളെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
No comments