കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വാഹനാപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പെട്ടി ഓട്ടോയിൽ രക്ഷിതാക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്.
പിതാവ് ഉനൈസ് (31), ഭാര്യ റൈഹാനത്ത് (26) എന്നിവരെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ നാലുവയസ്സുള്ള മകൾ നൂറാ ഫാത്തിമയാണ് മരിച്ചത്.
അതേസമയം, കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടിയ്ക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ (9) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ തെരുവ് നായ അങ്ങോട്ട് ഓടിയെത്തുകയായിരുന്നു.
ഇത് കണ്ട കുട്ടികൾ പലയിടത്തേക്കായി ചിതറിയോടി. എന്നാൽ, 7 മണിയായിട്ടും ഫസൽ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ അന്വേഷിക്കുമ്പോഴാണ് കൂട്ടുകാരടക്കം എല്ലാവരും ഫസൽ വീട്ടിലെത്തിയില്ലെന്ന് അറിയുന്നത്.
തുടർന്ന് കളിക്കുന്നതിനിടെ തെരുവ്നായ കടിക്കാൻ വന്ന വിവരം കൂട്ടുകാർ ഫസലിൻ്റെ വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാരും നാട്ടുകാരും പ്രദേശമാകെ കുട്ടിയെ തിരഞ്ഞു.
ഇതിനൊടുവിലാണ് കുട്ടിയെ സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്.
No comments