വിൻഡീസിനെ തകർത്ത വയനാട്ടുകാരി ജോഷിത
അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കം. അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് കേരളത്തിന്റെ അഭിമാനമായി വയനാട്ടുകാരി വി ജെ ജോഷിത. നിലവിൽെ ചാമ്പ്യന്മാരായ ഇന്ത്യക്ക് മലയാളി പേസ് ബൗളറായ വി ജെ ജോഷിതയുടെ തകർപ്പൻ പ്രകടനമാണ് വെസ്റ്റീൻഡീസിനെതിരെ ആധികാരിക ജയം നേടാൻ സഹായിച്ചത്.
ജോഷിത നയിച്ച ബൗളിങ് നിര വിൻഡീസ് വനിതകളെ 13.2 ഓവറിൽ 44 റണ്ണിന് കൂടാരം കയറ്റി. ഇന്ത്യ 4.2 ഓവറിൽ ഒരു വിക്കറ്റുമാത്രം നഷ്ടപ്പെടുത്തി ജയം സ്വന്തമാക്കി. തുടരെ രണ്ട് വിക്കറ്റെടുത്ത ജോഷിതയാണ് പ്ലെയർ ഓഫ് ദ മാച്ച്.
മകളുടെ ആദ്യ മത്സരത്തിൽ തന്നെ നേട്ടം സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെന്ന് അമ്മ ശ്രീജ പറഞ്ഞു. ആറാംക്ലാസ് പഠനത്തിനിടെയാണ് കേരള ക്രിക്കറ്റ് അക്കാദമിക്ക് കീഴിലുള്ള കൃഷ്‌ണഗിരി വയനാട് ക്രിക്കറ്റ് അക്കാദമിയിലേക്ക് ജോഷിത എത്തുന്നത്. കേരളത്തിന്റെ അണ്ടർ 16, 19, 23 ടീമുകളിൽ മികച്ച പ്രകടനം നടത്തിയത് അണ്ടർ- 19 ത്രിരാഷ്‌ട്ര കപ്പിനുള്ള ഇന്ത്യൻ എ ടീമിലും പിന്നാലെ ഏഷ്യാകപ്പിനുള്ള ദേശീയ ടീമിലും ഇടംനൽകി.
ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ ജേതാക്കളായപ്പോൾ ആദ്യ വിക്കറ്റ് നേടിയതും ജോഷിതയാണ്. ഈ സീസണിൽ വനിതാ ക്രിക്കറ്റ് ലീഗിൽ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി ഈ വയനാട്ടുകാരി കളിക്കും. ബത്തേരി സെന്റ് മേരീസ് കോളേജ് രണ്ടാംവർഷ ബിരുദവിദ്യാർഥിയായ ജോഷിത കൽപ്പറ്റ അമ്പിലേരിയിലെ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.
നാളെ മലേഷ്യയുമായാണ് അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത കളി.
No comments