എച്ച്എംപിവി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല: മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: രാജ്യത്ത് എച്ച്എംപിവി വ്യാപനത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആദ്യമായാണ് രോഗം ഇന്ത്യയിൽ എന്ന റിപ്പോർട്ടുകളിൽ അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. 2001 മുതൽ ഇന്ത്യയിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചതാണ്. വൈറസിന് വകഭേദമുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല.
എച്ച്എംപിവിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭൂരിപക്ഷ വാർത്തകളും തെറ്റാണ്. മുൻപ് രോഗം സ്ഥിരീകരിച്ചതെല്ലാം ആഭ്യന്തരമായി നടത്തിയ പരിശോധനകളിലാണ്. ശ്വാസകോശ രോഗങ്ങൾക്കുള്ള സപ്പോർട്ടീവ് ട്രീറ്റ്മെൻ്റാണ് ഇതിനുള്ളതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാന തല റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
No comments