ചൂരൽമല – മുണ്ടക്കൈ ദുരന്തം; കാണാതായ 32 പേരുടെ ലിസ്റ്റ് അംഗീകരിച്ചു.
വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ കാണാതായി ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇവരെ ദുരന്തത്തിൽ മരണപെട്ടവരായി കണക്കാക്കി സർക്കാർ ഉത്തരവിറങ്ങും. ദുരന്തത്തിൽ മരണപ്പെട്ട മറ്റുള്ളവർക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കൾക്ക് ഇതോടെ ലഭിക്കും.
231 മൃതദേഹങ്ങളും 223മൃതദേഹ ഭാഗങ്ങളുമാണ് ദുരന്തത്തിന് ശേഷം കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി എൻ എ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹഭാഗങ്ങളും ഒഴികെയുള്ളവയിൽ നിന്ന് ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ആണ് ആദ്യ ഘട്ടത്തിൽ ഡി എൻ എ സാമ്പിളുകളുടെ പരിശോധന നടത്തിയത്.ഇതിലൂടെ 77 പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലും ഡി എൻ എ പരിശോധന നടത്തി. ഇതിലൂടെ 22 പേരെ തിരിച്ചറിഞ്ഞു.ദുരന്തത്തിൽ മരണപ്പെട്ട 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.
ദുരന്തത്തിൽ ഉൾപ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഇപ്പോൾ അംഗീകരിച്ചത്. ആകെ 298 പേർ ദുരന്തത്തിൽ മരിച്ചതായാണ് പുതിയ കണക്ക്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരിമല വില്ലേജ് ഓഫീസർ, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ഇവരുടെ മരണം രജിസ്റ്റർ ചെയ്തു മരണസർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്
No comments