അൽ നസ്‌റിനായി നൂറടിച്ച് റൊണാൾഡോ; പ്രോ ലീഗിൽ അൽ ഖലീജിനെ 3-1 ന് തകർത്തു
ഫുട്ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ ഇരുപത്തി നാലാം കലണ്ടർ വർഷവും ഗോൾ വേട്ട തുടരുന്നു. റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ സൗദി പ്രോ ലീഗിൽ അൽ നാസറിനു ജയം. അൽ ഖലീജിനെ 3-1 നാണ് തകർത്തത്. രണ്ടാം പകുതിയിലാണ് റൊണാൾഡോയുടെ രണ്ട് ഗോളുകളും പിറന്നത്. ഇതോടെ അൽ നസ്‌റിനായി തൻ്റെ 100-ാം ഗോൾ സംഭാവനയും കരിയറിലെ 918-ാം ഗോളുമാണ് അദ്ദേഹം ഇന്നലെ അടിച്ചു കൂട്ടിയത്.
ജനുവരിയുടെ തുടക്കം ഗോൾ നേടി ഇരുപത്തി നാലാം കലണ്ടർ വർഷം തുടർച്ചയായി ഗോൾ നേടിയ ഫുട്ബാളർ എന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു. ഈ മാസം തന്നെ റൊണാൾഡോ വീണ്ടും ഗോളടിച്ചു വിസ്മയമാവുകയാണ്.
65ാം മിനുറ്റിൽ റൊണാൾഡോ ആണ് അൽ നസറിന് ആദ്യം ലീഡ് നൽകിയത്. എന്നാൽ 80ാം മിനുറ്റിൽ ഒരു പെനാൽറ്റിയിലൂടെ അൽ ഖലീജ് സമനില പിടിച്ചു. 81ആം മിനുറ്റിൽ അൽ ഗനം അൽ നസറിന്റെ ലീഡ് തിരിച്ചുപിടിച്ചു. മത്സരത്തിന്റെ അവസാന നിമിഷം റൊണാൾഡോയുടെ ഒരു ഗംഭീര ഫിനിഷ് അൽ നസറിന്റെ വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ അൽ നസർ ലീഗിൽ 32 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.
ഇരട്ട ഗോളോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ നിലവിലെ ലീഗിലെ ടോപ് സ്‌കോറർ അലക്‌സാണ്ടർ മിട്രോവിച്ചിനെ മറികടക്കാനും റൊണാൾഡോക്കായി. സീസണിലെ താരത്തിന്റെ 13-ാം ഗോളാണിത്. കഴിഞ്ഞ സീസണിൽ, മുൻ റയൽ മാഡ്രിഡ് ഗോൾ മെഷീൻ മുഴുവൻ മത്സരങ്ങളിൽ നിന്നായി 50 ഗോളുകൾ നേടിയിരുന്നു.
No comments