സഞ്ജു ഓപ്പണ്‍ ചെയ്യുമോ? ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20 ഇന്ന്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കും ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യന്‍ ടീമില്‍ ആരൊക്കെയുണ്ടാകും എന്നതാണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച്, കൊല്‍ക്കത്തയിലെ കാലാവസ്ഥ എന്നിവ അടിസ്ഥാനമാക്കി ടീമില്‍ കാലതലായ മാറ്റങ്ങളുണ്ടായേക്കും.
പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20യില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ മാത്രമായിരിക്കും അണിനിരത്തുക. വൈകുന്നേരം കൊല്‍ക്കത്തയില്‍ മഞ്ഞുവീഴ്ച രൂക്ഷമായതിനാലാണിത്. വാഷിംഗ്ടണ്‍ സുന്ദറിനെ ഒഴിവാക്കി, വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയുമായിരിക്കും സ്പിന്നര്‍മാര്‍. നിതീഷ് കുമാര്‍ റെഡ്ഡിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്നും കാത്തിരുന്ന് കാണേണ്ടതാണ്. കൊല്‍ക്കത്തയില്‍ വൈകുന്നേരത്തെ കനത്ത മഞ്ഞുവീഴ്ച കണക്കിലെടുത്ത് മത്സരത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടുമുണ്ട്.
”കനത്ത മഞ്ഞു വീഴുമെന്ന് ഞങ്ങള്‍ക്കറിയാം, നനഞ്ഞ പന്ത് ഉപയോഗിച്ച് പരിശീലനം നടത്തുന്നുണ്ട്. പരിശീലന സെഷനുകളില്‍ നനഞ്ഞ പന്തില്‍ ബൗള്‍ ചെയ്യും. നനഞ്ഞ പന്തുമായി ഫീല്‍ഡ് ചെയ്യുന്നു. മത്സരത്തിനിടെ മഞ്ഞുവീഴ്ച പോലെയുള്ള പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയണം,’ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ മുഹമ്മദ് ഷമി പ്ലെയിങ് ഇലവന്റെ ഭാഗമാകുമെന്ന് സൂര്യകുമാര്‍ യാദവും ഏറെക്കുറെ സ്ഥിരീകരിച്ചു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് ഷമി എത്തുന്നത്.
No comments