Header Ads

ad728
  • Breaking News

    സുധാകരന്റെയും ലക്ഷ്മിയുടെ ദേഹത്ത് 10ലധികം മാരകമായ മുറിവുകള്‍; ചെന്താമര നടത്തിയത് അതിക്രൂര കൊലപാതകം

    പോത്തുണ്ടി ഇരട്ടകൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും സുധാകരന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ട്. പ്രതി ചെന്താമര നടത്തിയത് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണ്.

    സംഭവത്തില്‍ തമിഴ്‌നാട്ടിലെ പരിശോധന പൂര്‍ത്തിയാക്കി. ഒളിവില്‍പ്പോയ പ്രതിക്കായി 100 ലധികം പോലീസുകാര്‍ പോത്തുണ്ടിയിലെ മലയോര മേഖലകളില്‍ പരിശോധന നടത്തും.

    പാലക്കാട് നെന്മാറയില്‍ ജാമ്യത്തില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി അമ്മയെയും മകനെയും അതിക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി ബോയണ്‍ കോളനി സ്വദേശികളായ സുധാകരന്‍ , അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്.

    സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് പ്രതി ചെന്താമര കൊലപാതകം നടത്തിയത്. ക്ഷേമനിധിയില്‍ പണമടക്കുന്നതിനായി നെന്മാറയില്‍ നില്‍ക്കുന്ന മകള്‍ അഖിലയുടെ അടുത്തേക്ക് സ്‌കൂട്ടറില്‍ പോയതാണ് സുധാകരന്‍.

    വീട്ടില്‍ നിന്നും ഇറങ്ങി 20 മീറ്റര്‍ ആകുമ്പോഴേക്കും ചെന്താമര കൊടുവാളുമായി ചാടിവീണ് സുധാകരനെ വെട്ടി. ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിവീഴ്ത്തി. സുധാകരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.

    ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് ലക്ഷ്മി മരിച്ചത്. സുധാകരന്റെ കുടുംബവുമായുള്ള വ്യക്തി വൈരാഗ്യമാണ് അരും കൊലയിലേക്ക് ചെന്താമരയെ നയിച്ചത്. തന്റെ കുടുംബം തകരാന്‍ കാരണം 2019ല്‍ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയും പ്രദേശത്തെ ചില സ്ത്രീകളും ആണെന്നാണ്
    ചെന്താമര കരുതുന്നത്.

    ഇതിന്റെ പേരില്‍ ആദ്യം സജിതയെ കൊലപ്പെടുത്തി, ജാമ്യത്തില്‍ ഇറങ്ങിയശേഷം പ്രദേശവാസികളെ പ്രതി തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പ്രതി വീട്ടില്‍ വന്നിരുന്നത്.

    ഇത് ചൂണ്ടിക്കാണിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീങ്ങുന്നതിന് ഇടയിലായിരുന്നു കൊലപാതകം. കൊലപാതകശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് കെ ബാബു എം എല്‍ എ പറഞ്ഞു.

    കൊലയ്ക്ക് ഉപയോഗിച്ച കൊടുവാള്‍ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 2019 ലെ കൊലയ്ക്ക് ശേഷം ഒളിവില്‍ കഴിഞ്ഞ വനത്തിനുള്ളിലും , തമിഴ്‌നാട് തിരുപ്പൂരും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728