Header Ads

ad728
  • Breaking News

    കൂടുതൽ സ്മാർട്ടാകാൻ പഞ്ചായത്തുകളും; കെ-സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല 
പഞ്ചായത്തുകളിലും

    K Smart

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ-സ്മാർട്ട്. 20.37 ലക്ഷം ഫയലുകളാണ് ഇതുവരെ കെ സ്മാർട്ട് വഴി തീർപ്പുകൽപ്പിച്ചിരിക്കുന്നത്. ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ പൊതുജനങ്ങൾക്ക്‌ സേവനം ലഭ്യമാക്കുന്ന കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

    ജനുവരി ഒന്നുമുതലായിരുന്നു സംസ്ഥാനത്തെ നഗരസഭകളിൽ കെ-സ്മാർട്ടിന്റെ സേവനം ലഭ്യമായത്. ഇതിനകം തന്നെ കെ-സ്മാർട്ട് വഴി 27.31 ലക്ഷം ഫയലുകളാണ് സ്വീകരിച്ചത്‌. ഇതിൽ 74.6 ശതമാനവും തീർപ്പാക്കി. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങൾക്ക് അറിയാനും സൗകര്യമുണ്ട്‌.

    ത്രിതല പഞ്ചായത്തുകളിലേക്ക് കെ-സ്മാർട്ടിന്റെ സേവനം എത്തുന്നതിന് മുമ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജനുവരി ഒന്നുമുതൽ പൈലറ്റ് റൺ നടക്കും.

    നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഐഎൽജിഎംഎസ് സംവിധാനം മാറ്റിയാണ് കൂടുതൽ പരിഷ്കരിച്ച പതിപ്പായ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് രണ്ട് സോഫ്‌റ്റ്‌വെയറുകളും വികസിപ്പിച്ചത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാർക്കുള്ള പരിശീലനം ജനുവരിയിൽ ആരംഭിക്കും.

    ഏപ്രിൽ ഒന്നിനാണ് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാവും.

    തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും, അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728