Header Ads

ad728
  • Breaking News

    തീർഥാടകപ്രവാഹത്തിലും സുഖദർശനം, ശബരിമലയിൽ ഇന്നലെയെത്തിയത് 96007 ഭക്തർ; സീസണിലെ റെക്കോഡ്


    ശബരിമല ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് ഇന്നലെ(ഡിസംബർ 19), 96,007 ഭക്തർ. സ്‌പോട്ട് ബുക്കിങ്ങിലും വൻ വർധന. ഇന്നലെ മാത്രം 22,121 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനം സാധ്യമാക്കി. ഇന്നും (ഡിസംബർ 20) ഭക്തജനത്തിരക്കിൽ കാര്യമായ വർധനയുണ്ട്. ഉച്ചയ്ക്കു 12 മണിവരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്. പമ്പ വഴി 51818 പേരും പുൽമേടുവഴി 2281 പേരുമാണ് ഉച്ചയ്ക്കു 12 മണിവരെ എത്തിയത്. ഇതിൽ സ്‌പോട്ട് ബുക്കിങ് മാത്രം 11657 പേർ.

    ഇന്നലെ (ഡിസംബർ 19) ഉച്ചയ്ക്കു 12 വരെ 46000 പേരാണ് പമ്പ വഴി എത്തിയത്. ഇന്നലത്തെ അപേക്ഷിച്ച് ഈ സമയം വരെയുള്ള വർധന ആറായിരത്തോളം. സീസണിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കുണ്ടായിട്ടും ദർശനം സുഗമമാക്കാനും ഭക്തർക്കു പരാതിരഹിതമായി അയ്യപ്പനെ കണ്ടുമടങ്ങാനും പോലീസും മറ്റു സംവിധാനങ്ങളും വഴിയൊരുക്കുന്നുണ്ട്.

    ക്യൂവിന്റെ നീളം കൂടുന്നുണ്ടെങ്കിലും അനാവശ്യമായ തിക്കും തിരക്കുമില്ലാതെ ദർശനം നടത്താനായതിന്റെ സന്തോഷത്തിലാണ് ഭക്തസഹസ്രങ്ങൾ മടങ്ങുന്നതും.

    ഭക്തരുടെ എണ്ണം കുതിച്ചുയർന്നിട്ടും യാതൊരുതരത്തിലുമുള്ള അധികനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ഒരിടത്തും ഭക്തരെ തടയുകയോ ചെയ്തിട്ടില്ലെന്നും സുഖദർശനം ഉറപ്പാക്കിയെന്നും സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു.

    മുന്നൊരുക്കങ്ങളിലെ സമഗ്രതയും സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തുടർച്ചയും പോലീസിന്റെ കൃത്യമായ വിന്യാസവുമാണ് എല്ലാവർക്കും സുഖദർശനം ഉറപ്പാക്കാൻ തുണച്ചത്.

    പരീക്ഷകൾ കഴിഞ്ഞതിനാലും സ്‌കൂളുകൾ ക്രിസ്മസ് അവധിയിലേക്കു കടന്നതിനാലും മണ്ഡലകാലഉത്സവത്തോടനുബന്ധിച്ചു വരുംദിവസങ്ങളിലെല്ലാം കുട്ടികൾ അടക്കമുള്ള കൂടുതൽ ഭക്തജനങ്ങളെയാണ് സന്നിധാനത്തു പ്രതീക്ഷിക്കുന്നത്.

    മണ്ഡലപൂജയ്ക്കു മുന്നോടിയായി ഇനിയുള്ള ദിവസങ്ങളിൽ ഒരുലക്ഷത്തിലേറെ ഭക്തർ എത്തുമെന്ന കണക്കൂകൂട്ടലിൽ സുഖദർശനം ഉറപ്പാക്കുന്നതിനു വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങൾ ഉന്നതതലത്തിൽ നടത്തിയിട്ടുണ്ടെന്നും സ്‌പെഷൽ ഓഫീസർ അറിയിച്ചു.

    ഡിസംബർ 19ന് എത്തിയ 96007 പേരിൽ 70000 പേർ വ്വർചൽ ക്യൂ വഴിയും 22121 പേർ സ്‌പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്. പുൽമേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി.
    ഡിസംബർ 13 മുതലാണ് സ്‌പോട്ട് ബുക്കിങ്ങിൽ വലിയ വർധനവുണ്ടായത്.

    13 മുതൽ എല്ലാദിവസങ്ങളിലും പതിനയ്യായിരത്തിനുമുകളിലാണ് സ്‌പോട്ട് ബുക്കിങ് വഴിയെത്തിയ ഭക്തരുടെ എണ്ണം. ഡിസംബർ 13ന് 15,428, 14ന് 18,040, 15ന് 17,105, 16ന് 19,110, 17ന് 19,144, 18ന് 18,025, 19ന് 22,121 എന്നിങ്ങനെയാണ് സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി ദർശനത്തിനെത്തിവരുടെ കണക്ക്. ഇന്ന്(ഡിസംബർ 20) ഉച്ചയ്ക്കു 12 മണിവരെ 11657 പേർ സ്‌പോട്ട് ബുക്കിങ് നടത്തിയിട്ടുണ്ട്.

    നവംബർ 15 മുതൽ ഡിസംബർ 19 വരെ ആകെ 4,46,130 പേരാണ് സ്‌പോട്ട് ബുക്കിങ് വഴി ദർശനത്തിന് എത്തിയത്. മണ്ഡലപൂജ, തങ്കഅങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വ്വർചൽ ക്യൂ അടക്കമുള്ള കാര്യങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. 25നാണ് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്. 26ന് മണ്ഡലമഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് നട അടയ്ക്കും. ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നേരിട്ടെത്തി തങ്കഅങ്കി ഘോഷയാത്ര-മണ്ഡലപൂജ ക്രമീകരണങ്ങൾ വിലയിരുത്തും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728