വികസന വെളിച്ചത്തിലേക്ക് നാട്; മുടങ്ങിക്കിടന്ന തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
മുടങ്ങിക്കിടന്ന ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നാടിന് സമർപ്പിക്കും. കേരളത്തിന്റെ വൈദ്യുതി മേഖലക്ക് കരുത്തേകുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് രാവിലെ 10.30നാണ്.
ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞ അളവിൽ ജലം മതിയെന്നതാണ് തൊട്ടിയാർ പദ്ധതിയുടെ പ്രത്യേകത. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 മില്യൺ യൂണിറ്റ് ഉത്പാദന ശേഷിയുമുള്ള തൊട്ടിയാര് ജലവൈദ്യുത പദ്ധതി 2009 ൽ നിര്മ്മാണം തുടങ്ങുകയും ചില സാങ്കേതിക കാരണങ്ങളാല് നിര്മ്മാണം നിര്ത്തി വെക്കേണ്ടി വരികയും ചെയ്തിരുന്നു.
പിന്നീട് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ ത്വരിതഗതിയിലായത്. സർക്കാർ ഉത്തരവ് പ്രകാരം 2018 ല് നിര്മ്മാണം പുനരാരംഭിക്കുവാനായി റീടെൻഡർ ചെയ്യാൻ തീരുമാനിക്കുകയും പദ്ധതി കാലതാമസം കൂടാതെ പൂർത്തീകരിക്കുന്നതിനായുള്ള പ്രവൃത്തികൾ പൂര്ത്തിയാക്കുകയും ചെയ്തു. 30 മെഗാവാട്ട്, 10 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.
ഇതില് 10 മെഗാവാട്ടിന്റെ ജനറേറ്റര് ഇക്കഴിഞ്ഞ ജൂലൈ 10 മുതലും 30 മെഗാവാട്ടിന്റെ ജനറേറ്റര് സെപ്തംബർ 30 മുതലും ഗ്രിഡുമായി ബന്ധിപ്പിച്ചുകൊണ്ട് പൂർണ്ണ ശേഷിയിൽ പ്രവൃത്തിച്ചുവരുന്നു. കഴിഞ്ഞ എട്ടുവർഷത്തെ ഭരണകാലത്ത് എൽഡിഎഫ് സർക്കാർ നടത്തിയ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകളാണ് ഈ പദ്ധതിയെ യാഥാർത്ഥ്യമാക്കിയത്. ഊർജമേഖലയിൽ സ്വയംപര്യാപ്തത നേടിയെടുക്കാനുള്ള പരിശ്രമങ്ങൾക്കിടെയുള്ള വലിയ ചുവടുവെപ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി.
No comments