കണ്ണൂർ : കുട്ടികളുടെ സ്കൂൾ ഡയറിയിലെ കുറിപ്പുകൾ പലപ്പോഴും വൈറലാകാറുണ്ട്. തങ്ങളുടെ മനസിലെ കൌതുകവും ആശങ്കകളുമൊക്കെ പങ്കുവെച്ചുള്ള വിദ്യാർത്ഥികളുടെ കുറിപ്പുകൾ നാം കാണാറുണ്ട്. ഇപ്പോഴിതാ കണ്ണൂരിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ 'സങ്കടക്കുറിപ്പ്' എല്ലാവരുടെയും കണ്ണ് നനയിക്കുകയാണ്. പയ്യന്നൂർ സബ്ജില്ലയിലെ പൊത്തംകണ്ടം ജിയുപി സ്കൂളിലെ വിദ്യാർത്ഥിയായ ആരവ് പി പി യാണ് തന്‍റെ അച്ഛന് നേരിട്ട അപകടത്തെക്കുറിച്ചും തനിക്ക് അതുകൊണ്ടുണ്ടായ സങ്കടത്തെക്കുറിച്ചും സ്കൂള്‍ ഡയറിയിൽ കുറിച്ചത്. 'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്‍റെ അച്ഛൻ പണിക്ക് പോയപ്പോൾ വാർപ്പിന്‍റെ മോളിൽ നിന്നും താഴേക്ക് വീണു. കൈയ്യും കാലും ഒടിഞ്ഞ് ആശുപത്രിയിലായി. രാത്രിയാണ് വീട്ടിൽ വന്നത്. അച്ഛനെ എല്ലാവരും കൂടി എടുത്താണ് വീട്ടിൽ കൊണ്ടുവന്നത്. അച്ഛനെ കണ്ടതും ഞാൻ പൊട്ടിക്കരഞ്ഞു, അച്ഛന്‍റെ അടുത്ത് കിടന്നു. അതുകണ്ട് അവിടെ ഉണ്ടായിരുന്നവർക്കും സങ്കടമായി. എല്ലാവരും കരഞ്ഞു' - എന്‍റെ ഒരു സങ്കടക്കുറിപ്പ് എന്ന തലക്കെട്ടോടെയാണ് ആരവ് തന്‍റെയുള്ളിലെ വേദന ഡയറിയിൽ കുറിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ആരവിന്‍റെ വേദന തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
ചേർത്തു പിടിക്കുന്നു മോനെ' എന്ന് പറഞ്ഞാണ് വിദ്യാഭ്യാസ മന്ത്രി പിപി ആരവിന്‍റെ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുബ മാണെങ്കിൽ തീർച്ചയായും ചേർത്ത് പിടിക്കണമെന്നും അച്ഛനോട് ഉള്ള കരുതൽ ഈ കുിറപ്പിൽ തന്നെ ഉണ്ടെന്നുമാണ് പോസ്റ്റ് വരുന്ന കമന്‍റുകൾ. എന്തായാലും കുഞ്ഞ് ആരവിന്‍റെ വേദനയിൽ അവനെ ചേർത്ത് പിടിക്കുകയാണ് മലയാളികൾ.
No comments