സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ ക്രൂരത കണ്ട് ആ കഥാപാത്രത്തെ അവതരിപ്പിച്ച നടനെ പൊതിരെ തല്ലി പ്രേക്ഷക. ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയില്‍ വില്ലനായി എത്തിയ നടനാണ് ഒരു പ്രേക്ഷകയുടെ ക്ഷോഭം നേരിട്ടറിഞ്ഞത്. നടനുൾപ്പടെയുള്ളവർ തിയറ്റർ സന്ദർശനത്തിയെപ്പോഴാണ് സിനിമ കാണാനെത്തിയ യുവതി എൻ.ടി രാമസ്വാമി എന്ന നടന് നേരെ പാഞ്ഞടുത്തത്. ഹൈദരാബാദിലെ ഒരു തീയറ്ററിലാണ് സംഭവം.


ഇദ്ദേഹത്തെ കണ്ടതും ഒരു സ്ത്രീ ദേഷ്യത്തിൽ ഓടിവന്ന് തല്ലുന്നത് വീഡിയോയിൽ കാണാം. ഒപ്പം അദ്ദേഹത്തിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് വലിക്കാനും ആവർത്തിച്ച് തല്ലാനും നോക്കുന്നുണ്ട്. എന്നാൽ മറ്റുള്ളവർ ആ സ്ത്രീയെ പിടിച്ചു മാറ്റുന്നത് വീഡിയോയിൽ ദൃശ്യമാണ്.

നടനെ തല്ലാനൊരുങ്ങിയ യുവതിയെ അണിയറക്കാർ ചേർന്നു പിടിച്ചു മാറ്റുകയായിരുന്നു. വിഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. സിനിമാക്കാരുടെ തന്നെ പ്രമോഷനൽ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് വിമർശനം.

മറ്റ് ചിലർ ആ സ്ത്രീയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. സിനിമയെ സിനിമയായി കാണാൻ പഠിക്കണമെന്നാണ് ഇവർ പറയുന്നത്. എന്തായാലും സംഭവത്തില്‍ പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ തയ്യാറായിട്ടില്ല.