Header Ads

ad728
  • Breaking News

    എസ് അരുണ്‍കുമാര്‍ നമ്പൂതിരി പുതിയ ശബരിമല മേൽശാന്തി, ടി വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി


    പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലം ടി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

    കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ് നിയുക്ത ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എസ്. അരുണ്‍കുമാര്‍. ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട്.

    ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയാണ് ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. ശബരിമല ക്ഷേത്രത്തിലേക്കുള്ള മേൽശാന്തി തെരഞ്ഞെടുപ്പിൽ 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് ആണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്. 

    ശബരിമല മേൽശാന്തി നറുക്കെടുപ്പിനുശേഷം പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരി വൈഷ്ണവി മാളികപ്പുറത്തെ മേൽശാന്തിയുടെ നറുക്ക് എടുത്തു.15 പേരാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്.

    എല്ലാം അയ്യപ്പന്‍റെ അനുഗ്രഹമെന്നും ഏറെ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണമാണെന്നും നിയുക്ത ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു.  ആദ്യമായാണ് ലിസ്റ്റിൽ വരുന്നതെന്നും വലിയ അനുഗ്രഹമെന്നും സന്തോഷമുണ്ടെന്നും 2012 മുതൽ അപേക്ഷിക്കുന്നുണ്ടെന്നും നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728