പ്രീമിയര്‍ ലീഗില്‍ ബലാബലം; ലിവര്‍പൂള്‍- ആഴ്‌സണല്‍ മത്സരം സമനിലയില്‍, ചെൽസിക്ക് ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടം സമനിലയിൽ പിരിഞ്ഞു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ലിവര്‍പൂള്‍- ആഴ്‌സണല്‍ മത്സരം 2-2 എന്ന സ്കോറിൽ അവസാനിച്ചത്.
ആദ്യ പകുതിയില്‍ 2-1 ന് പിന്നിട്ടുനിന്ന ലിവര്‍പൂളിന് 81-ആം മിനിറ്റില്‍ മുഹമ്മദ് സാലയാണ് രക്ഷകനായത്. ഒന്‍പതാം മിനിറ്റില്‍ ഗോളടിച്ച ആര്‍സനലിന്റെ ബുകായോ സാക്ക ഇപിഎല്ലില്‍ 50 ഗോളും തികച്ചു. മറ്റൊരു മത്സരത്തില്‍ ചെല്‍സി 2-1 ന് ന്യൂ കാസിലിനെ തകര്‍ത്തു.
കഴിഞ്ഞ ദിവസം, എര്‍ലിങ് ഹാലണ്ടിന്റെ ഗോളിൽ സതാംപ്ടണെ മാഞ്ചസ്റ്റര്‍ സിറ്റി വീഴ്ത്തിയിരുന്നു. വിജയത്തോടെ പ്രീമിയർലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ സിറ്റിക്ക് സാധിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് സതാംപ്ടണെ മാഞ്ചസ്റ്റര്‍ സിറ്റി തകർത്തത്. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ സ്വന്തം ആരാധകരെ ആവേശത്തിലാക്കി അഞ്ചാം മിനിറ്റിൽ സിറ്റി ലീഡെടുത്തു.
കളി തുടങ്ങി അല്പനേരത്തിനുള്ളിൽ സതാംപ്ടണിന്റെ വലയിലേക്ക് ഹാലണ്ട് നിറയൊഴിച്ചു. മാത്യൂസ് ന്യൂനസിന്റെ ക്രോസ് കാലുകളിലേക്കാവാഹിച്ച് അതിവേഗ നീക്കത്തിലൂടെ എതിര്‍താരങ്ങളെ മറികടന്ന് പന്ത് വലയിലേക്ക് പായിക്കുകയായിരുന്നു
No comments